Kerala
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂളിൽ വൻ തീപിടിത്തം. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു.
പുലർച്ചെ മൂന്നോടെയാണ് തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ബസുകളാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്.
സ്കൂളിൽ നിന്ന് തീ ഉയരുന്നത് കണ്ട പ്രദേശവാസികളാണ് അഗ്നിശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തി. അപകട സമയം സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ ചൊല്ലി പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വാക്കുതർക്കം.
അക്രമ സംഭവത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം ആവശ്യമാണെന്ന നിലപാടിൽ എതിർപ്പുണ്ടായതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ ഔദ്യോഗികവിഭാഗം അനുമതി നിഷേധിക്കുകയായിരുന്നു.
നെടുമങ്ങാട് നടന്ന തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിലാണ് വാക്കുതർക്കം രൂപപ്പെട്ടത്. തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിലും സമാന ആവശ്യം ഉന്നയിച്ച് രണ്ട് ചേരികളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ തർക്കത്തിലേർപ്പെട്ടിരുന്നു.
നെടുമങ്ങാട് നടന്ന സമ്മേളനത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം വേണമെന്ന് ആവശ്യമുയരുകയും തുടർന്ന് എസ്എഫ്ഐ ഗുണ്ടകൾ എന്ന പരാമർശം ഉണ്ടാകുകയും ചെയ്തതോടെയാണ് ബഹളമുണ്ടായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷാ ഫാത്തിമ ആണ് മരിച്ചത്. കാട്ടാക്കട മമൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെയാണ് പരാതി.
ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ കാട്ടാക്കട മമൽ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി നൽകിയ ശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തിരുന്നു.
ഇഞ്ചക്ഷന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതായാണ് കുടുംബത്തിന്റെ ആരോപണം. ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ബന്ധുക്കളെ ആംബുലന്‍സില്‍ കയറാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ. ഷാഹിദയെ പ്രതിചേർക്കും. അന്വേഷണത്തിന്റെ ഭാഗമായി ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പോലീസ് ശേഖരിച്ചിരുന്നു.
ചികിത്സാരേഖകളിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ഒൻപത് പേരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.
അതേസമയം ഉഷ ജോസഫിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. എന്നാൽ പുറത്തെടുത്ത കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
പറമ്പ് നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിലുള്ള അസ്ഥികളും തലയോട്ടികളും കണ്ടത്. ഉടൻ തന്നെ ഇയാൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നടത്തിയ പരിശോധനയിൽ ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുള്ളതായി കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പനങ്ങാട് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പനങ്ങാട് ഉദയത്തുംവാതിൽ മരോട്ടിക്കൽ വീട്ടിൽ സജിത് വേണു(36) ആണ് പിടിയിലായത്. പനങ്ങാട് എംഎൽഎ റോഡിലുള്ള പ്രതിയുടെ വീട്ടിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്.
പ്രതിയിൽ നിന്ന് 176ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇതുകൂടാതെ രാസലഹരി വിതരണത്തിലൂടെ ലഭിച്ച 1.02 ലക്ഷം രൂപയും പിടിച്ചെടുത്തു. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് സജിത് വേണു പിടിയിലായത്.
യുവാക്കൾക്ക് രാസലഹരി വിതരണം ചെയ്യുന്ന മുഖ്യകണ്ണിയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ടാക്സി ഡ്രൈവറായ സജിത് ഇതിന്റെ മറവിലാണ് രാസലഹരി വിതരണം ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Kerala
മാനന്തവാടി: വയനാട് മാനന്തവാടിയിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാർഥികളെ മർദിക്കുകയും നിര്‍ബന്ധിച്ച് ലഹരി പദാർഥങ്ങള്‍ ഉപയോഗിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.
മാനന്തവാടി വിമലാനഗര്‍ പാലാക്കുളി പോത്തനാട്ടില്‍ വീട്ടില്‍ ഡിങ്കൻ എന്ന എ.വി. അജിത്(22) ആണ് പിടിയിലായത്. പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂര്‍ ബോയപാളയത്ത് നിന്നാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ നേരത്തെയും ലഹരി കേസുകളിൽ പ്രതിയായിരുന്നതായി പോലീസ് വ്യക്തമാക്കി. കേസിൽ നേരത്തെ മാനന്തവാടി കൊണിയന്‍മുക്ക് ചിറക്കല്‍ വീട്ടില്‍ അജിത് കുമാര്‍(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടില്‍ വിഷ്ണു (22) എന്നിവർ പിടിയിലായിരുന്നു.
Kerala
ഇടുക്കി: പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിനിടെ ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് വാക്കേറ്റം. പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം. വാക്കേറ്റം രൂക്ഷമായതോടെ ഭാരവാഹികൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങളെ സംബന്ധിച്ചും, തിരുവനന്തപുത്തെ എസ്എഫ്ഐ ആക്രമണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് തർക്കം ഉടലെടുത്തത്. തുടർന്ന് ഇത് പരസ്യമായ വാക്കേറ്റത്തിന് വഴിവച്ചു.
ഇതിനിടെ ചര്‍ച്ചയിലെ പാനൽ ഇടപെട്ട് സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഒരു വിഭാഗം പോലീസുകർ പ്രസംഗം നിര്‍ത്തുന്നതിനെ എതിർത്തു. ഇതിനുശേഷമാണ് വലിയ രീതിയിലുള്ള വാക്കേറ്റമുണ്ടായത്.
തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനായ മിഥുൻ റോയ്യെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമുണ്ടായത്.
Kerala
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി കോടതിയിൽ നിന്ന് മുങ്ങി. ആസാം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്.
കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ചൊവ്വാഴ്ചയാണ് സംഭവം. കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ കോടതി വിധി പറയാനിരിക്കെ പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
വകുപ്പുകൾ പ്രകാരം 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവിലാണ് പ്രതി സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്.
പെൺകുട്ടി തന്റെ ഭാര്യയാണെന്നാണ് പ്രതി മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.
ഇതേ തുടർന്ന് ശാസ്താംകോട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. പാപ്പനംകോട് 300 കിലോഗ്രാമിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ. കരകുളം സ്വദേശി അഫ്സൽ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്നോവ കാറിലെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. തലസ്ഥാനത്ത് അടുത്തിടെ നടന്നിട്ടുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറയുന്നു.
പിടിയിലായ പ്രതി അഫ്സൽ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നു എന്നാണ് വിവരം. ഇന്നോവ കാറും അതിലുണ്ടായിരുന്ന 300 കിലോഗ്രാം കഞ്ചാവും മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴായിരുന്നു പ്രതി പിടിയിലായത്.
Kerala
കൊല്ലം: തെന്മല ഡാമിൽ കണ്ടെത്തിയ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് ഡാം സുരക്ഷാ ജീവനക്കാർ മൃതദേഹം കണ്ടെത്തിയത്.
ഇതേ തുടർന്ന് ജീവനക്കാർ കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഡാം ടോപ്പിൽ നിന്നും കണ്ടെത്തിയ ബാഗിൽ നിന്ന് തിരുനെൽവേലി സ്വദേശിയുടെ തിരിച്ചറിയൽ രേഖകൾ ലഭിച്ചിരുന്നു.
തിരുനെൽവേലി സ്വദേശി ഉലകമണി (26) ആണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു. നാല് ദിവസം മുൻപ് ഉലകമണിയെ ഡാമിന് സമീപത്ത് നിന്ന് കാണാതായിരുന്നു.
ജോലി തേടിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത്. ഇതിനിടെ ഉലകമണിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തിരുനെൽവേലി പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നാലെയാണ്
ഡാമിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ഉലകമണിയുടേത് ആണെന്ന് ഉറപ്പിക്കാൻ സാധിക്കൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ആലപ്പുഴ മാന്നാർ സ്വദേശി സാബു ആണ് പിടിയിലായത്. പാലാരിവട്ടം പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ചെറുതോണി-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിലാണ് അതിക്രമം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.
പഠനാവശ്യത്തിനായി എറണാകുളത്തെത്തിയ യുവതിയാണ് അതിക്രമത്തിന് ഇരയായത്. അതിക്രമം നടന്നയുടനെ യുവതി കണ്ടക്ടറെ വിവരം ധരിപ്പിച്ചു. കെഎസ്ആർടിസി ജീവനക്കാർ വിവരം അറിയിച്ചത് അനുസരിച്ച് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം എളമക്കരയിൽ ആറ് വയസുകാരിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പോലീസ്. ജനുവരി 16ന് ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചി എളമക്കര പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കുട്ടിയുടെ പിതാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. മകള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയെന്ന നിഗമനത്തിലായിരുന്നു പോലീസ്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ മരണ കാരണം വിഷം ഉള്ളിലെത്തിയതാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇന്‍ക്വസ്റ്റിനിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ട പോലീസ് ഇത് ഫോറന്‍സിക് സര്‍ജനെ അറിയിച്ചിരുന്നു.
Kerala
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ പിടിയിലാകാനുള്ള പ്രതിക്കായി ഊർജിത അന്വേഷണം. കേസിലെ നാലാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്.
ഇയാൾ പീഡനത്തിനിരയായ 14കാരിയുടെ പിതാവിന്റെ ബന്ധുവാണ്. പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. പിതാവിനൊപ്പം മദ്യപിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. അതേസമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് കൂടുതൽ ചോദ്യം ചെയ്യും. 2022 മുതലാണ് കുട്ടി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം ഏറ്റുവാങ്ങിയത്.
സുഹൃത്തിനോട് പെൺകുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് അതിജീവിതയായ പെൺകുട്ടി.
Kerala
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയ്ക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വച്ചത് മറ്റ് രണ്ട് ഉദ്യോഗസ്ഥരെയെന്ന നിഗമനത്തിലാണ് പോലീസ്.
നേരത്തെ മറ്റൊരു കേസിൽ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ നിലവിൽ ടൗൺ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇവരെ ലക്ഷ്യം വച്ച് കത്തി കൈയിൽ കരുതിയിരുന്നതായി പ്രതി പലരോടും പറഞ്ഞതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ശനിയാഴ്ച വൈകുന്നേരം പോലീസ് സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തിനെ തുടർന്നാണ് പ്രതി എസ്ഐയ്ക്കെതിരെ ആക്രമണം നടത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷാഫി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. സംഭവത്തിൽ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതോടകം വൈറലായിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി രേഖപ്പെടുത്തിയ ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂ എന്നാണ് പോലീസിന്റെ നിലപാട്.
വഞ്ചിയൂർ പോലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. അതേസമയം എസ്എഫ്ഐക്കാരുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത നടപടിയിൽ സേനയ്ക്കുള്ളിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പോലീസ് ട്രെയിനിംഗ് കോളജിൽ നടക്കുന്നതിനിടെയാണ് സംഭവം.
ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം, കമ്മീഷണറുടെ നിർദേശത്തിലാണ് എസ്എഫ്ഐക്കാരുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
Kerala
കോട്ടയം: കുട്ടികളിലെ അമിതമായ ഫോണ്‍ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ പദ്ധതിയുമായി കേരള പോലീസ്. സ്ക്രീനുകള്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും അടിമകളാക്കുകയും തന്മൂലം നിരവധി സംഭവങ്ങളും ആത്മഹത്യകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അടിയന്തിര ഇടപെടല്‍.
ഡി-ഡാഡ് അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന് എന്ന പേരിലുള്ള പദ്ധതി പ്രധാനമായും കൗണ്‍സലിംഗിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍നിന്ന് മോചനമെന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മനഃശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിംഗ്, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അമിതമായ സ്ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പോലീസ് നടപ്പാക്കുന്നതെന്നതും പ്രധാന പ്രത്യേകതയാണ്.
കൗണ്‍സലിംഗിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതി ഉറപ്പുവരുത്തുന്നു. ഇതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആറു സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവില്‍ ഇവരുടെ നേതൃത്വത്തില്‍ സ്കൂളുകള്‍ മുഖാന്തിരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സലിംഗും നടത്തിവരുന്നുണ്ട്. ഇതിന് തുടര്‍ച്ചയായാണ് ഡി-ഡാഡ് പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവയാണ് അഡിക്ഷന്റെ പ്രധാന ലക്ഷണം.
ഇത്തരം അടിമത്തം അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ഡി-ഡാഡില്‍ ബന്ധപ്പെടാന്‍ 949790200 എന്ന നമ്പറിലൂടെ സാധിക്കും. ഡി ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Kerala
കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് രാവിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്.
ഫെബ്രുവരി രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 18കാരിയായ ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും ഉമ്മർ ഫറൂഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകങ്ങളിൽ കലാശിച്ചത്. ഷേക്കുഞ്ഞിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ഷേക്കുഞ്ഞിയെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
വയനാട്: മാനന്തവാടിയില്‍ നിന്ന് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ടെന്ന് പോലീസ്. ശനിയാഴ്ച ആയിരുന്നു വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് രണ്ട് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കുഞ്ഞിനെ ഏഴ് കിലോമീറ്റർ അപ്പുറത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിന്റെ ലക്ഷ്യം പുറത്തുവന്നത്. കുട്ടിയുടെ ദേഹത്തുള്ള ആഭരണം എടുക്കാൻ ശ്രമിക്കുന്പോള്‍ കരഞ്ഞതിനെ തുടർന്ന് ഏഴ് കിലോമീറ്റർ അകലെ വച്ച് കുട്ടിയെ പ്രതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
ജിഹാസ് നേരത്തെ ലഹരി കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ജിഹാസ് കുട്ടിയെയും കൊണ്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ ദുരൂഹത ഉടലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനക്കൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക.
സ്വകാര്യ ബസിൽ ഷിംജിത പകർത്തിയ ദീപക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മൊബൈല്‍ ഫോണിന്റേയും ലാപ്ടോപ്പിന്റേയും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കുന്നത് വരെ പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ, കേസിൽ ഷിംജിത 21 ദിവസമായി ജയിലിൽ കഴിയുകയാണെന്നും ഫോറന്‍സിക് ഫലം വരുന്നതു വരെ റിമാൻഡിൽ തുടരേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത ജാമ്യം തേടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
അപകീര്‍ത്തികരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയ്ക്കെതിരെ പോലീസ് കേസെടുത്തത്.
Kerala
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്.
ഇയാളെ റാന്നിയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ ഒന്നാം പ്രതി മരണ സുബിൻ ഉൾപ്പെടെ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് സുബിനെ കൂടാതെ പിടിയിലായ മറ്റ് രണ്ട് പേർ.
കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ബംഗുളൂരുവിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കിരൺ, സജിൻ എന്നീ പ്രതികളാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസമാണ് ഒളിവിലായിരുന്ന വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് കാപ്പാ കേസ് പ്രതി മരണ സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിനിരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. സഹപ്രവർത്തകയെയും ഇവരുടെ ആൺസുഹൃത്തിനെയും കേസിൽ പ്രതി ചേർത്തേയ്ക്കും.
Kerala
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ അധ്യാപകൻ. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും അധ്യാപകർ ആരോപിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായാണ് കുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതായി അധ്യാപകർ അറിയിച്ചു.
കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല. ആകെ 16 ഫോളോവേഴ്സ് മാത്രമാണുള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് കുട്ടിയുടെ സ്കൂൾ അധ്യാപകർ പറയുന്നത്.
പെൺകുട്ടി ജീവനൊടുക്കി രണ്ടാഴ്ച പിന്നിടുമ്പോഴും കത്തിലെഴുതിയിരുന്നതാണ് മരണകാരണമെന്ന നിഗമനത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് മുതിർന്നില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് ലഭിച്ച സമ്മാനം നാട്ടിൽ കുറഞ്ഞ വിലയ്ക്കുള്ള വാച്ച് ആയിരുന്നു.
കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നുവെന്നും അധ്യാപകർ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് ആയിരുന്നു പ്ലസ് വൺ വിദ്യാർഥിനി ആദിത്യയെ ക്വാറി കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
District News
തിരുവല്ല: മഞ്ഞാടിയിലെ സ്പായില്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യ പ്രതി കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ(മരണം സുബിന്-29) യെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത് സുബിനായിരുന്നു.
ഇയാള്‍ക്കൊപ്പമെത്തിയ അഞ്ചംഗ ഗുണ്ടാ സംഘത്തിലെ മൂന്നു പേര് ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ഒന്നിന് സ്പായിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് അറസ്റ്റിലായത്. പിടിയിലാകാനുള്ളവരിൽ രണ്ടുപേര്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് കര്‍ണാടകത്തിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. മറ്റൊരു പ്രതി മധ്യകേരളത്തില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഗുണ്ടാപ്പിരിവല്ല സ്ഥാപനത്തെ തകര്‍ക്കാനുളള ക്വട്ടേഷനാണ് നടന്നതെന്ന് സ്ഥാപനത്തിന്റെ ഉടമ ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കിയില്ല. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സുബിനില്‍ നിന്നും ക്വട്ടേഷന്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് ശ്രമിക്കും. തിരുവല്ലയിലുളള മറ്റൊരു കാപ്പാ കേസ് പ്രതി വിവിധ സ്പാകളില്‍ നിന്ന് ഗുണ്ടാപ്പിരിവ് സ്വീകരിക്കാറുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇയാളുടെ സംഘാംഗമാണ് സുബിനെന്നും പറയുന്നു.
എന്നാല്‍ ആ വഴിക്ക് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ല. പീഡനത്തിന് ഇരയായ യുവതിക്കൊപ്പം സ്പായില്‍ ജോലിചെയ്യുന്ന മറ്റൊരു യുവതിക്ക് സുബിന്റെ സംഘത്തിലെ ചിലരുമായി അടപ്പമുണ്ടായിരുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അതിജീവിതയുടെ മൊഴിയിലും ചില പരാമർശങ്ങളുണ്ടായതാണ്. ഇക്കാര്യത്തില്‍ അന്വേഷണം പോലീസ് തുടങ്ങിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച സുബിനില്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങ് പോലീസ് ശേഖരിക്കും.
Kerala
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിക്കുകയും നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊണിയൻമുക്ക് സ്വദേശി അജിത് കുമാർ (22), കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി രണ്ടിന് ആണ് കേസിന് ആസ്പദമായ സംഭവം. എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വച്ച് നാലംഗ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
കുട്ടികളുടെ കൈവശമുണ്ടായിരുന്ന 13,500 രൂപ പ്രതികൾ തട്ടിയെടുത്തു. കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് വധഭീഷണിയും മുഴക്കി. മർദനത്തിന് പിന്നാലെ ഇരുവരെയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകർഷകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലങ്കോട് ബംഗ്ലാമേട് സ്വദേശി ജോബിന് നേരെയാണ് ആക്രമണമുണ്ടായത്. കൊഴിഞ്ഞാമ്പാറ സിപി ചള്ള സ്വദേശി ദീപേഷ് ആണ് ജോബിനെ ആക്രമിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. പണം കടം കൊടുക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സിപി ചള്ളയിൽ സ്ഥലം പാട്ടത്തിനെടുത്ത് മത്സ്യകൃഷി നടത്തി വരികയായിരുന്നു ജോബിൻ.
ജോബിനോട് ദീപേഷ് പണം കടം ചോദിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്ന് ദീപേഷ് ജോബിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ജോബിൻ കൊഴിഞ്ഞാമ്പാറ അത്താണിയിലെ ആശുപത്രി ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ദീപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കും. ജോബിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കൊച്ചി: സിഗരറ്റ് വാങ്ങാൻ പൈസ നൽകാതിരുന്ന യുവാവിനെ അഞ്ചംഗ സംഘം ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ആലപ്പുഴ രാമങ്കരി നാല്പതിൽ ചിറ വീട്ടിൽ ജെസിൻ ജോസിനാണ് (24) അടിയേറ്റത്.
തിങ്കളാഴ്ച പുലർച്ചെ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം. അഞ്ചംഗ സംഘം യുവാവിനെ ബിയർ കുപ്പികൊണ്ട് അടിക്കുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു.
പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
Kerala
തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന് കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്. സംഭവത്തില്‍ മകന് രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതര പരുക്കേറ്റ നിലയില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും വിളിച്ച് വരുത്തിയ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമായില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രാജേഷ് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വീട്ടില്‍ നിന്നും വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്ക് പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്.
വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വയോധികനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ഇതിനിടെ അടിയന്തരമായി വേലപ്പനെ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐസിയു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന് വന്ന ഡ്രൈവര്‍ നിലപാട് എടുത്തതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍ രോഗി രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു.
വേലപ്പന് മരിച്ചതറിഞ്ഞതോടെ ആംബുലന്‍സ് ഡ്രൈവറും നഴ്സും വാഹനം ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട ശേഷം സ്ഥലം വിട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വേലപ്പന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എന്‍ അജി പറഞ്ഞു. പരുക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി 108 ആംബുലന്‍സ് വിളിച്ച് നല്‍കുകയും ചെയ്തു.
ആംബുലന്‍സ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലന്‍സില്‍ കയറ്റാത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: കാണാതായ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുവിഴാംകുന്ന് മുണ്ടക്കുന്ന് ചക്കംതൊടി അബ്ദു സലാം ( 49) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതൽ അബ്ദു സലാമിനെ കാണാനില്ലായിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കുളത്തിൽ അബ്ദു സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരാണ് കേസിൽ പിടിയിലായത്.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദനമേറ്റത്. ബസിനെ മറികടക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസി കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുമ്പോഴായിരുന്നു സ്വകാര്യ ബസ് വട്ടം നിർത്തുകയും ജീവനക്കാർ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ചെയ്തത്.
പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Kerala
പാലക്കാട്: ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീർ(57) ആണ് പിടിയിലായത്. ഷൊർണൂർ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇവിടേക്ക് ഇടപാടുകാരെ എത്തിച്ച എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബംഗുളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരാണ് പിടിയിലായത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവയ്ക്കുന്നതാണ് ലോഡ്ജിലെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ ബഷീർ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് അറിയിച്ചു.
Kerala
പന്തളം: വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 51. 5 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പോലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുനെൽവേലി തിരുക്കുറുകുടി സ്വദേശി ഇസക്കി രമേശ് (32), തമിഴ്നാട് നല്ലൻകുളം വള്ളിയൂർ സമാധാനപുരം സ്വദേശി ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 29ന് പുലർച്ചെ 3.30 ഓടെയാണ് പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. വീട്ടുടമയും കുടുംബവും വിദേശത്താണ്. ഗൃഹനാഥന്റെ മാതാവ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അടൂർ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ, കൊടുമൺ പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, പന്തളം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി.ഡി, സബ് ഇൻസ്പെക്ടർ യു. വി.വിഷ്ണു, ഡാൻസഫ് ടീം അംഗങ്ങളായ സുജിത്ത്, മിഥുൻ ജോസ്, ബിനു, ജിതിൻ, ഷെഫീക്ക്, ശ്രീരാജ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു ജില്ലയിലെ 500 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കാമറിയിൽ സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കാർ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു. പ്രതികൾ കർണാടകയിലും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
പ്രതികൾക്ക് അന്തർ സംസ്ഥാന കവർച്ചാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടോ ഉണ്ടോയെന്നും അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്.
Kerala
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്പാ കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പേർ പ്രതാകളായേക്കുമെന്ന് സൂചന. സ്പായിലെ സഹപ്രവർത്തകയും ക്രൂര പീഡനത്തിന് ഒത്താശ ചെയ്തെന്ന് അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഒത്താശ ചെയ്ത സഹപ്രവർത്തകയിലേക്കും ഇവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്.
അതേസമയം പിടിയിലാകാനുള്ള പ്രതികൾ സംസ്ഥാനംവിട്ടെന്നാണ് സൂചന.
കേസിൽ ഇതുവരെ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായത്. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് പിടിയിലായത്. മറ്റ് നാല് പേർ ഒളിവിൽ തുടരുകയാണ്. പോലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി.
ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആർ. ആനന്ദ് പറഞ്ഞു. സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും എസ്പി വ്യക്തമാക്കി. പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും ആർ.ആനന്ദ് അറിയിച്ചു.
കഴുത്തിൽ കത്തി വച്ച് അതിക്രൂരമായി പീഡിപ്പിച്ച സുബിൻ സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തിയെന്നും പരാതിയുണ്ട്. എന്നാൽ ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്നാണ് സ്പാ ഉടമയുടെ ആരോപണം.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പോങ്ങനാട് സ്വദേശിയായ മണിക്കുട്ടൻ(60) ആണ് പിടിയിലായത്.
പോങ്ങനാട് പഴയചന്ത തട്ടാക്കുന്നിൽ വീട്ടിൽ സിന്ധുവിന് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ ഇരുകൈകൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സിന്ധുവിന്റെ അമ്മാവനും അയൽവാസിയുമാണ് പ്രതിയായ മണിക്കുട്ടൻ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30ഓടെ ആയിരുന്നു സംഭവം. മകളെ ട്യൂഷന് കൊണ്ടുവിട്ടശേഷം സിന്ധു വീട്ടിലേക്ക് കയറുന്ന വഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് പ്രതി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
Kerala
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 58കാരന് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും. വാടാനപ്പള്ളി വില്ലേജ് നടുവില്‍ക്കര ആലത്തി കുമാരനെ ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി അധികതടവ് അനുഭവിക്കണം. 2024 ഏപ്രിലില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് 16 സാക്ഷികളെ വിസ്തരിച്ചു. 23ഓളം രേഖകളും മുതലുകളും ഹാജരാക്കി.
Kerala
വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവം ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം. കണ്ണൂർ ഇരിട്ടി സ്വദേശി സജീർ(42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് കുട്ടികളും പൊള്ളലേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. ഇയാളുടേതായി ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. മാനന്തവാടി എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. പിന്നാലെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീകെടുത്തി സജീറിനെയും കുടുംബത്തെയും പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം.
അപകടത്തിന് ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു. നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം നേടിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകും. ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. 110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യാഴാഴ്ച ജയിൽ മോചിതനായത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദ്വാരപാലക കേസിൽ നേരത്തെ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം. അതേസമയം തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് കൊണ്ടുള്ള എസ്ഐടിയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. തിങ്കളാഴ്ചയാണ് ഹർജിയിൽ വാദം കേൾക്കുക.
Kerala
വര്‍ക്കല: വർക്കലയിൽ എംഡിഎംഎ പിടികൂടിയതിനെ തുടർന്ന് അറസ്റ്റിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് 500ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.
പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെ ജനുവരി 22ന് പുലർച്ചെ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഒന്നര ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. ഇതിന് പിന്നാലെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ലഹരി ശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് പോലീസ് വാഹനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
Kerala
കാസർഗോഡ്: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36-ാം സംസ്ഥാന സമ്മേളനം കാസർഗോട്ട് നടക്കും. റോയൽ കൺവൻഷൻ സെന്ററിൽ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗം കണ്ണൂർ ഡിഐജി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡ്ഢി, അച്യുത് അശോക്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്ത്, ഡിവൈഎസ്പിമാരായ കെ.പി.സുരേഷ് ബാബു, സിബി തോമസ്, ഉത്തംദാസ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാനായി പി. അജിത് കുമാറിനെയും ജനറൽ കൺവീനറായി പി. രവീന്ദ്രനെയും തെരഞ്ഞെടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
കോടതി കസ്റ്റഡി അനുവദിച്ചാൽ ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദൃശ്യങ്ങളാണ് ദീപക് ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
Kerala
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിന് 47 വര്‍ഷം കഠിന തടവിന് വിധിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശേരി അമര്‍ തേജസ് (26) ആണ് കേസിലെ പ്രതി.
ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
അമർ തേജസിന് 47 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. നെടുമങ്ങാട്, ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അൻസർ എന്നയാളാണ് സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൻസറിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു.
Kerala
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക സമ്മര്‍ദവും പിരിമുറക്കവും കുറയ്ക്കുന്നതിനായുള്ള ഹാറ്റ്സ് (ഹെല്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ്) കൗണ്‍സലിംഗ് സെന്ററിന്റെ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് 7,193 പേര്. 2017 മുതല്‍ 2025 വരെയുള്ള കണക്കാണിത്.
പോലീസ് വെല്‍ഫെയര്‍ ബ്യൂറോയുടെ കീഴില്‍ 2017-ലാണ് സൈക്കോളജിക്കല്‍ കൗണ്‍സലിംഗ് സെന്റര്‍ ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ് പ്രവര്‍ത്തനം തുടങ്ങിയത്. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അവരുടെ കുടുംബങ്ങള്‍ക്കും ഹാറ്റ്സ് പദ്ധതിയിലുടെ മാനസിക പിന്തുണയും കൗണ്‍സലിംഗും നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 433 കൗണ്‍സലിംഗ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ 729, 2023 ല്‍ 963, 2022 ല്‍ 986, 2021 ല്‍ 875 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2021 ല്‍ 875 പേരാണ് കൗണ്‍സലിംഗ് സഹായം തേടിയത്. 2020 ല്‍ 926 പേരും 2019 ല്‍ 897 പേരും 2018 ല്‍ 784 പേരും 2017 ല്‍ 600 പേരും കൗണ്‍സലിംഗ് സൗകര്യം പ്രയോജനപ്പെടുത്തി.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക നില മെച്ചപ്പെടുത്തുന്നതിനായി 2017 ല്‍ ഹാറ്റ്സ് പദ്ധതി ആരംഭിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യയ്ക്ക് കുറവൊന്നുമുണ്ടായില്ല. ഇതോടെ ഈ പദ്ധതി കൂടുതല്‍ പോലീസുകാരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലം വിഷമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിളിക്കാനായി 94979 01070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പറും നിലവിലുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയ്ക്ക് ശമനമില്ലാതെ വന്നതോടെ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് രണ്ടു വര്‍ഷം മുമ്പ് ഹാറ്റ്സ് പദ്ധതിയിലേക്കായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഗൂഗിള്‍ ഫോമിലൂടെ വിവര ശേഖരണവും നടത്തിയിരുന്നു.
പോലീസുകാരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ മാനസിക സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍, ജോലി സമ്മര്‍ദം, അഞ്ച് വര്‍ഷത്തിനിടയില്‍ എത്ര സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്, അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ ഫോം വഴി ശേഖരിച്ചു.
പഠന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പോലീസ് സ്റ്റേഷനുകളിലും മെന്റര്‍ എന്ന നിലയില്‍ ആ സ്റ്റേഷനിലെ ഒരു ഓഫീസറെ തന്നെ നിയമിച്ച് സംസ്ഥാന തലത്തില്‍ പരിശീലനം നല്കി. ജില്ലാടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെന്റര്‍മാരുടെ സഹായം തേടാനാകും.
കഴിഞ്ഞ വര്‍ഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 9497901070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയത്. 24 മണിക്കൂറും സേവനം ലഭ്യമാണ്.
Kerala
പയ്യന്നൂര്‍: യുവതിയുടെ പരാതി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയ്ക്കും പോലീസുകാരനും മർദനമേറ്റു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. രാമന്തളി കുന്നരു കാരന്താട്ടെ ബിജുകുമാറാണ് (43) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാരന്താട് പഴയ റേഷൻ ഷോപ്പിന് സമീപത്തെ യുവതി തന്നെയും വിദ്യാർഥിയായ മകനെയും ഭർത്താവ് മർദിക്കുന്നതായി പോലീസിനെ അറിയിച്ചിരുന്നു.
ഇതുപ്രകാരം വനിതാ എസ്ഐയും സീനിയർ സിവിൽ പോലീസ് ഓഫീസറും വീട്ടിലെത്തിയപ്പോൾ പ്രതി സീനിയർ സിവിൽ പോലീസ് ഓഫീസറെ ആക്രമിച്ചു. തടയാൻ ശ്രമിച്ച വനിതാ എസ്ഐയെ ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് പോലീസ് ജീപ്പ് ഡ്രൈവർ ഓടിയെത്തുന്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ പോലീസുകാരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന വനിതാ എസ്ഐ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിനെ മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Kerala
കോഴിക്കോട്: മാവൂർ കൂളിമാടിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൂളിമാട് മുന്നൂര് സ്വദേശി ഇര്ഫാൻ ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കൂളിമാട് സ്വദേശികളായ തസ്നീം, സഹോദരൻ തൻസീൽ എന്നിവരെയാണ് ഇർഫാൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിലെ പ്രതിയും പരിക്കേറ്റ സഹോദരങ്ങളും അയൽക്കാരാണ്. സംഭവ ദിവസം രാവിലെ തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ ആക്രമിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പണമിടപാടിനെ തുടർന്നാണ് ഇർഫാൻ തൻസിഫിനെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തൻസിഫിനെ തുടർന്ന് ഇർഫാൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേ തുടർന്ന് ഇർഫാനെ തേടി ബൈക്കിൽ കറങ്ങുകയായിരുന്നു ഇരു സഹോദരങ്ങളും.
ആയുധങ്ങളുമായി ഇർഫാന്റെ വാഹനം തടയാൻ ശ്രമിക്കുമ്പോഴായിരുന്നു സഹോദരങ്ങളെ ഇടിച്ചുവീഴ്ത്തി പ്രതി കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയിരുന്നു.
ഇതേ തുടർന്ന് പോലീസ് പ്രതിക്ക് വേണ്ടി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്നു പ്രതി ഇന്ന് മാവൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ഇർഫാനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Kerala
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ ആനന്ദിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീ ആനന്ദ് ഉൾപ്പെടെ മൂന്ന് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായതോടെ പ്രതികൾ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.
ശ്രീ ആനന്ദിന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ തുടരുന്ന ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.
കേസിൽ ഷിംജിതയെ വിശദമായി ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചാൽ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് ജില്ലാ കോടതി പരിഗണിക്കുക. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: വ്യാജ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറുടെ പണം തട്ടിയ കേസിൽ കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ റാക്കറ്റിലെ മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. കൊച്ചി സൈബര്‍ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
എൻജിനീയറിംഗ് ബിരുധദാരിയായ അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, കെ.പി. ആദിൽ എന്നിവരാണ് പിടിയിലായത്. കംബോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
കൊച്ചിയിലെ യുവ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയൽ സൈറ്റ് വഴി ഒരു എൻആർഐ യുവതിയുടെ പേരിൽ വ്യാജ വിവാഹ അഭ്യർഥന നടത്തിയാണ് സംഘം ഡോക്ടറെ വലയിലാക്കിയത്.
സൗഹൃദം സ്ഥാപിച്ച ശേഷം വെബൈസ്റ്റ് എന്ന ട്രേഡിംഗ് ആപ്പ് ഡോക്ടർക്ക് പരിചയപ്പെടുത്തി. താനും ഇതിലൂടെ വൻ ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം ഡോക്ടറെ വിശ്വസിപ്പിച്ചു. യുവതിയുടെ വാക്കുകൾ വിശ്വസിച്ച് പല ഘട്ടങ്ങളിലായി 37 ലക്ഷം രൂപ ഡോക്ടർ ആപ്പിൽ നിക്ഷേപിച്ചു.
ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ചൈനീസ് പൗരന്മാർ ഒരു കോർപറേറ്റ് കമ്പനിക്ക് സമാനമായ രീതിയിലാണ് കംബോഡിയയിൽ ഈ തട്ടിപ്പ് കേന്ദ്രം നടത്തുന്നത്.
വൻ ശമ്പളം കൈപ്പറ്റിയാണ് മുഖ്യപ്രതി സൂരജ് തട്ടിപ്പ് സംഘത്തിനായി പ്രവർത്തിച്ചിരുന്നത്. അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും പണം ഉടൻ പിൻവലിക്കാനും സൈബർ സാങ്കേതിക വിദ്യയിൽ വിദഗ്ധരായ ചെറുപ്പക്കാരെയാണ് സംഘം നിയോഗിച്ചിരുന്നത്.
Kerala
തിരുനാവായ: എസ്ഐആർ അപേക്ഷ പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീവേഷത്തിലെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൻപീടിയേക്കൽ ഷാക്കിർ (34) ആണ് പിടിയിലായത്.
കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഇവരുടെ അയൽവാസിയാണ് പിടിയിലായ ഷാക്കിർ. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഹംസ ഹാജി പള്ളിയിൽ പോയതിന് പിന്നാലെയാണ് ഷാക്കിർ സ്ത്രീ വേഷത്തിൽ വീട്ടിലെത്തിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട അപേക്ഷ പൂരിപ്പിക്കണമെന്ന് പ്രതി നഫീസയോട് ആവശ്യപ്പെട്ടു. തുടർന്ന് ഇതിനാവശ്യമായ രേഖകളെടുക്കാൻ നഫീസ മുറിയിലേക്ക് പോയപ്പോൾ, പ്രതി പിന്നാലെയെത്തി വീട്ടമ്മയെ ഉപദ്രവിച്ച് ആഭരണങ്ങൾ കവരുകയായിരുന്നു.
പ്രതിയുടെ ശബ്ദത്തിൽ നിന്ന് വീട്ടിലെത്തിയത് പുരുഷനാണെന്ന് നഫീസ മനസിലാക്കിയിരുന്നു. പ്രതി വന്നു പോയപ്പോൾ മറന്നുവച്ച ബുക്ക് കേസിൽ നിർണായക തെളിവായി. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ നഫീസ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് മോഷണം പോയ ആഭരണങ്ങൾ കണ്ടെടുത്തു. ഇയാളെ തെളിവെടുപ്പിനായി ശനിയാഴ്ച സംഭവസ്ഥലത്തെത്തിച്ചു. ഷാക്കിറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: മാളിക്കടവ് കൊലപാതകത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി പ്രതി വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഇതിനുശേഷം യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞാണ് യുവതിയെ വൈശാഖൻ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തിയത്.
ഇതിനായി രണ്ട് കുരുക്കുകൾ തയാറാക്കിയ വൈശാഖൻ യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. 16 വയസുമുതൽ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഡയറി കുറിപ്പുകളും പോലീസിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് വൈശാഖനെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിയുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ഡ്യൂട്ടിയിലിരുന്ന പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനുള്ളിൽ വച്ച് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് ആണ് പാമ്പ് കടിയേറ്റത്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. സ്റ്റേഷന്റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കൈവിരലില്‍ പാമ്പ് കടിയേറ്റത്. ഉടൻതന്നെ രഞ്ജിത്തിനെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത് ചികിത്സയിൽ തുടരുകയാണെന്ന് കിളിമാനൂർ പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷന് സമീപം തൊണ്ടി വാഹനങ്ങൾ ഉൾപ്പെടെ കാടുപിടിച്ച നിലയിലാണ്.
പാമ്പ് ഇവിടെ നിന്ന് ജനല്‍ വഴി കയറിയതാകാമെന്നാണ് നിഗമനം. എന്നാൽ ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയാണ് മരിച്ച വിഷ്ണുലാൽ.
വീടിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു.
വ്യാഴാഴ്ച രാത്രിയോടെ അഗ്നിശമനസേന സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലം സ്വദേശിയായ വിഷ്ണുലാൽ മൂന്ന് വർഷമായി അവണൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ പിഴയായി ഈടാക്കിയത് 2.56 കോടി രൂപ. ഹെല്‍മറ്റ് ഓണ്‍ സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷല്‍ ഡ്രൈവില്‍ സംസ്ഥാനത്ത് ഒട്ടാകെ 1,19,414 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 50,969 നിയമലംഘനങ്ങള്‍ കണ്ടെത്തി.
മരണനിരക്ക് കൂടി
സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 2026 ജനുവരി 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന് നഷ്ടമായത്.
പരിശോധന തുടരും
ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.
ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്പിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചായിരുന്നു പരിശോധനകള്‍.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും ഐജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐജി അറിയിച്ചു.
ശുഭയാത്രയില്‍ അറിയിക്കാം
പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന ശുഭയാത്ര വാട്സ് ആപ്പ് നമ്പറില്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാം.
Kerala
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും. കേസിൽ ജയിലിൽ തുടരുന്ന ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ കേസിലാണ് വിചാരണ.
ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത്. 2011ൽ ആണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യം വിചാരണ ആരംഭിച്ചത് റോയ് തോമസ് കൊല്ലപ്പെട്ട കേസിലാണ്. നിലവിൽ അവസാനഘട്ടത്തിലാണ് റോയ് തോമസ് കേസിലെ വിചാരണ. ഇതോടകം കേസിലെ എല്ലാ സാക്ഷികളേയും പ്രോസിക്യൂഷന് വിസ്തരിച്ച് കഴിഞ്ഞു.
കേസിൽ ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
Kerala
കോഴിക്കോട്: മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖന്റെ കസ്റ്റഡി ആവശ്യപ്പെടാൻ അന്വേഷണ സംഘം. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ നൽകുക.
കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. പ്രതി യുവതിയെ 16 വയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വൈശാഖനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. വിവാഹം ചെയ്തില്ലെങ്കിൽ ഇരുവരും തമ്മിലുള്ള ബന്ധം വൈശാഖന്റെ ഭാര്യയെ അറിയിക്കുമെന്ന് യുവതി പ്രതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതി 26കാരിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ഒരുമിച്ച് ജീവിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും അതിനാൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ വൈശാഖൻ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് രണ്ട് കുരുക്കുകളുണ്ടാക്കിയ ശേഷം പ്രതി യുവതിയുടെ കഴുത്തിൽ കയറിട്ട് കൊലപ്പെടുത്തുകയായിരുന്നു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
കേസിൽ ജില്ല കോടതിയിൽ ഇന്ന് തിരിച്ചടി നേരിട്ടാൽ ഇനി ഹൈക്കോടതി മാത്രമാണ് രാഹുലിന് ആശ്രയം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ സത്യവാംഗ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്നും
സത്യവാംഗ്മൂലത്തിൽ പറയുന്നു.
ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് അർധരാത്രി പോലീസ് ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ സന്ദേശങ്ങളയയ്ക്കുന്നതായി പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷിനെതിരെയാണ് പരാതി.
ഹോട്ടൽ ജീവനക്കാരിയായ യുവതി പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നല്‍കാനാണ് തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്. ഈ സമയം ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് ഇവരുടെ മൊബൈൽ നമ്പർ വാങ്ങിയിരുന്നു.
പിന്നാലെ രാത്രികാലങ്ങളിൽ നിരന്തരം സന്ദേശങ്ങളയച്ച് യുവതിയെ സന്തോഷ് ശല്യം ചെയ്യുന്നതായാണ് പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കാണ് യുവതി ഇതുസംബന്ധിച്ച പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ-മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ തട്ടുകടയിലാണ് കുഞ്ഞിനെ ഇന്ന് പുലർച്ചെ നാലോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തട്ടുകടയുടെ ഉടമ ജയരാജൻ ആണ് പുലർച്ചെ കുഞ്ഞിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് ഇയാൾ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിൽ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
തട്ടുകടയുടെ പിന്നിലുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ വിഷ്ണു നേരത്തെയും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പോലീസ് കണ്ടെത്തൽ.
ഇയാൾ മുൻപ് വെള്ളറട, വിഴിഞ്ഞം എന്നിവിടങ്ങളിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസുകളുണ്ട്. അതേസമയം അപകടം നടക്കുമ്പോൾ വിഷ്ണുവിനെ കൂടാതെ മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.
പ്രതി കൊല്ലം സ്വദേശിയായ സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം വാളകത്തേക്ക് ഥാർ ജീപ്പുമായി പോകുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിഷ്ണു കിളിമാനൂരിൽ വച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
തുടർന്ന് ഇടിച്ച വാഹനം പിന്നോട്ടെടുത്തപ്പോഴാണ് സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ജീപ്പിൽ കുരുങ്ങിയ ബൈക്കുമായി പോയപ്പോൾ ടയർ പൊട്ടി. തുടർന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടുന്നത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ ജാമ്യത്തിൽ വിട്ടതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും സംശയിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന പോലീസ്, ഫയർഫോഴ്സ് ജീവനക്കാരായ സുഹൃത്തുക്കളുടെ തിരിച്ചറിയൽ കാർഡ് വണ്ടിയിൽ മറന്നുവച്ചതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും സംഭവസമയം ഇവർ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
District News
പോലീസ് ജനസൗഹൃദമായി മാറിയെന്ന് മുഖ്യമന്ത്രി
പെരുനാട്: കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം സാധ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്. റാന്നി- പെരുനാട് പോലീസ് സ്റ്റേഷന് മന്ദിരോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോലീസ് സ്റ്റേഷന് എന്ന പഴയ സങ്കല്പത്തിന് മാറ്റംവരുത്താനായി. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലിടം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്കി. പരാതിയുമായി എത്തുന്നവര്‍ക്ക് ഹെല്പ് ഡെസ്ക് സംവിധാനത്തിലൂടെ സൗഹൃദപരമായ സാഹചര്യമൊരുക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കി. ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി കുറ്റാന്വേഷണം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടായി. സോഷ്യല്‍ പോലീസ് സംവിധാനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 1.96 കോടി രൂപ ചെലവഴിച്ച് 6,785 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല.
ഒന്നാം നിലയില്‍ റിസപ്ഷന്, പിആര്‍ഒ സീറ്റ്, ഐഎസ്എച്ച്ഒ മുറി, എസ്ഐ മാരുടെ മുറി, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, കംപ്യൂട്ടര്‍ റൂം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ലോക്കപ്പ്, വിസിറ്റേഴ്സ് ഏരിയ, നടുമുറ്റം എന്നിവയും രണ്ടാം നിലയില്‍ സീനിയര്‍ ഓഫീസര്‍ റൂം, പ്രത്യേക വിശ്രമമുറി, തൊണ്ടിമുറി, കിച്ചന്, ഡൈനിംഗ്, ഇന്‍വെസ്റ്റിഗേഷന്‍ റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ, ജില്ലാ പഞ്ചായത്തംഗം ടി.കെ. സജി, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം രാധ പ്രസന്നന്, എഎസ്പി പി.വി. ബേബി, റാന്നി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആര്. ജയരാജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.